പത്തനംതിട്ട: കേരളം ഓരോ വർഷവും പ്രളയഭീഷണി നേരിടുന്ന സാഹചര്യത്തിൽ പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നദികളുടെ കരകളിലും പതന പ്രദേശങ്ങളിലുമായി താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ശാശ്വത സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി സമഗ്ര പ്രളയനിയന്ത്രണ മാസ്റ്റർ പ്ലാൻ നടപ്പിലാക്കണമെന്ന് ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ. ഓരോ വർഷവും ദുരിദാശ്വാസ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ ശാസ്ത്രീയവും ദീർഘ കാല അടിസ്ഥാനത്തിലുള്ളതുമായ പരിഹാരമാർഗങ്ങൾ ആലോചിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നദികളിലെ ജലനിരപ്പ്, ഒഴുക്കിന്റെ വേഗം, മഴയുടെ അളവ് തുടങ്ങിയവ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തൽസമയം നിരീക്ഷിക്കുന്ന കേന്ദ്രീകൃത മുന്നറിയിപ്പ് സംവിധാനം സംസ്ഥാനത്ത് സ്ഥാപിക്കണം. അതോടൊപ്പം നദികളുടെ ആഴം കൂട്ടാൻ പദ്ധതി ജലസംഭരണ തടാകങ്ങൾ, പുതിയ അണകെട്ടുകൾ, ചെക്കു ഡാമുകൾ എന്നിവ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുകയും വേണം.
കേരളത്തിലെ പല നദികളുടെയും അടിത്തട്ടിൽ മൂന്ന് മീറ്ററോളം മണ്ണും ചെളിയും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയിരിക്കുകയാണ്. ഇത് നദികളുടെ സ്വാഭാവിക നീരൊഴുക്കിന് വലിയ തടസമാകുകയും പ്രളയ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. നീരൊഴുക്കിന് തടസമായി നിൽക്കുന്ന അധിക മണ്ണും ചെളിയും കോരി മാറ്റുകയും ഇത്തരത്തിൽ ലഭിക്കുന്ന മണലും മറ്റ് വസ്തു ക്കളും നിയമാനുസൃതവും സുതാര്യവുമായ രീതിയിൽ വിനിയോഗിച്ച് സർക്കാരിന് ഗണ്യമായ വരുമാനം ഉണ്ടാക്കുകയുമാകാമെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
തരിശുകിടക്കുന്ന പാടങ്ങൾ സർക്കാർ ഏറ്റെടുത്ത് ജലം സംഭരിക്കാൻ കഴിയുന്ന തരത്തിൽ സംവിധാനങ്ങളുണ്ടാക്കണം. ഇത് വേനൽക്കാലത്ത് ഏറെ ഉപകാരപ്രദമാകുകയും മഴക്കാലത്ത് പ്രളയക്കെടുതികൾ കുറയ്ക്കുകയും ചെയ്യും. പത്തനംതിട്ട ജില്ലയിലെ തുടർച്ചയായ പ്രളയങ്ങൾ ഒഴിവാക്കാൻ പരിഹാര നിർദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി തോമസുകുട്ടി തേവരുമുറിയിൽ ജില്ലാ സെക്രട്ടറി ജി. അജികുമാർ എന്നിവർ ആവശ്യപ്പെട്ടു.